പത്തനംതിട്ട: തടിയൂർ കൊച്ചുപറന്പിൽ സന്തോഷിന്റെ കുടുംബം മുഴുവൻ അധ്യാപകരാണ്. ഭാര്യയും മക്കളും മരുമക്കളുമെല്ലാം അധ്യാപകർ. സ്വന്തം വീട്ടിൽ നിന്നുമാത്രമല്ല, ബന്ധുകുടുംബങ്ങളിൽ ഏറെപ്പേരും അധ്യാപകരാണെന്നത് കൊച്ചുപറന്പിൽ വീടിനെ വ്യത്യസ്തമാക്കുന്നു.
36 വർഷത്തെ കായികാധ്യാപനത്തിന് ശേഷം 2024-ൽ വിരമിച്ച സന്തോഷ് ഇപ്പോൾ പൊതുപ്രവർത്തകനാണ്. അയിരൂർ പഞ്ചായത്ത് രണ്ടാം വാർഡ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യ മിനി മാത്യു പന്തളം കാരക്കാട് നോർത്ത് ഗവ. കെവി എൽപി സ്കൂൾ പ്രഥമാധ്യാപികയാണ്. മകൻ അമൽ കുറിയന്നൂർ എംടിഎച്ച്എസ് അധ്യാപകനാണ്.
മരുമകൾ ബിൻസി ബേബി ജോൺ ഹരിപ്പാട് ഗവ. ഗേൾസ് എച്ച്എസ്എസിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂണിയർ അധ്യാപികയാണ്. മകൾ അലീന മറിയം സന്തോഷ് ഇടമുറി ഗവ. എച്ച്എസ്എസിൽ മലയാളം വിഭാഗം അധ്യാപികയാണ്. സന്തോഷിന്റെ സഹോദരി സൂസൻ കെ. ജോസഫ് തിരുമൂലപുരം ബാലികാമഠം എച്ച്എസ്എസിലെ റിട്ട. അധ്യാപികയാണ്. സൂസന്റെ മക്കളായ മെറിൻ ബാലികാമഠം ഹൈസ്കൂളിലും സെറിൻ കോട്ടാങ്ങൽ സെന്റ് ജോർജ് ഹൈസ്കൂളിലും അധ്യാപികമാരാണ്. സഹോദരൻ സലിൻ കൊച്ചുപറന്പിലിന്റെ മകൾ അഞ്ജു മറിയം സാമും അധ്യാപികയാണ്.